18 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; പുത്തന്‍ പ്രഖ്യാപനവുമായി ആം ആദ്മി സര്‍ക്കാര്‍

ഡൽഹിയിൽ 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം മാർച്ചിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ ആരംഭിച്ച മധ്യപ്രദേശിലെ ലാഡ്‌ലി ബെഹ്‌ന യോജനയ്ക്ക് സമാനമാണ് പുതിയ സംരംഭം. ഇതുപ്രകാരം, താഴ്ന്നതും ഇടത്തരം വീടുകളിലെ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1000 രൂപ ലഭിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്‍റെ സർക്കാരിന്‍റെ പുതിയ സംരംഭത്തെ ‘ലോകത്തിലെ സ്ത്രീശാക്തീകരണത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവയ്പ്പ്’ എന്ന് വിശേഷിപ്പിച്ചു.

ഡൽഹിയിൽ കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പത്താം ബജറ്റാണ് അവതരിപ്പിക്കുന്നത്.76,000 കോടി രൂപയുടെ ബജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. മൊത്തം ബജറ്റിൽ തുകയുടെ 21 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്ക് വകയിരുത്തിയതിനൊപ്പം വിദ്യാഭ്യാസമാണ് ഞങ്ങളുടെ സർക്കാരിന്‍റെ മുൻഗണന എന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

ഡൽഹി സർക്കാർ 2014-2015ൽ വിദ്യാഭ്യാസ ബജറ്റ് 6,554 കോടി രൂപയായി ഉയർത്തിയതിന് ശേഷമുള്ള സുപ്രധാന കുതിപ്പാണിത്. സർക്കാർ സ്‌കൂളുകളിലെ സ്ഥിരം അധ്യാപകരുടെ എണ്ണം 47,914 ആയി ഉയർത്തി, 7,000 അധിക റിക്രൂട്ട്‌മെന്‍റും പുരോഗമിക്കുന്നു. 2015 മുതൽ കെജ്‌രിവാൾ സർക്കാർ 22,711 പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചു.
ബജറ്റിൽ 8,685 കോടി രൂപ ഡൽഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിന്‍റെ കീഴിൽ സർക്കാർ ആശുപത്രികൾക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും. സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിർമാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button