നടുറോഡില്‍ യുവതിയെ അപമാനിച്ച് കേസ്; പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെ പ്രതി ചേര്‍ത്തു

നടുറോഡില്‍ യുവതിയെ അപമാനിച്ച കേസില്‍ തിരുവനന്തപുരം പ്രസ് ക്ളബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെ പ്രതിചേര്‍ത്തു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി. പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കി.

തിരുവനന്തപുരം പ്രസ് ക്ളബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ സദാചാര ആക്രമണത്തിന് പിന്നാലെ ലൈംഗിക അധിക്ഷേപക്കേസില്‍ കൂടി പ്രതിയായി. തലസ്ഥാന നഗരത്തിലെ റോഡില്‍ വച്ച് യുവതിയെ ലൈംഗിക അധിക്ഷേപം ചെയ്ത് സംസാരിച്ചെന്ന കേസിലാണ് പ്രതിയാക്കിയത്. ഫെബ്രൂവരി 3ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ജനറല്‍ ആശുപത്രി പരിസരത്തെ പമ്പില്‍ വച്ച് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയോടാണ് അപമര്യാദയായ പെരുമാറ്റം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഇരുവരും സംസാരിച്ച് നിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. രാധാകൃഷ്ണനെ ചോദ്യം ചെയ്തതോടെ യുവതിയുമായി സംസാരിച്ചെന്നും പക്ഷെ അപമാനിച്ചിട്ടില്ലെന്നും മൊഴി നല്‍കി. ഇത് രണ്ടും പരാതി ശരിയാണെന്നതിന്റെ തെളിവാണെന്ന് കാണിച്ചാണ് കന്റോണ്‍മെന്റ് പൊലീസ് രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന IPC 354 A എന്ന ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഉടന്‍ അറസ്റ്റില്ലെന്നും പകരം കുറ്റപത്രം കോടതിയില്‍ നല്‍കാനുമാണ് പൊലീസിന്റെ തീരുമാനം. നേരത്തെ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര അതിക്രമം നടത്തിയ കേസില്‍ രാധാകൃഷ്ണന്‍ ജയിലിലായിരുന്നു.

Related Articles

Back to top button