ഹെൽത്തി ഡ്രിങ്ക് അല്ല ‘ഫംഗ്ഷണൽ ന്യൂട്രീഷൻ ഡ്രിങ്ക്’; തെറ്റിദ്ധരിപ്പിക്കുന്ന ലേബൽ മാറ്റിയതോടെ ഹോർലിക്സിന് വൻ നഷ്ടം  

ന്യൂഡൽഹി: ഹോർലിക്സ് ഇനി മുതൽ ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിൽ ഉൾപ്പെടുത്തില്ല. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവ് പ്രകാരമാണിത്. ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ എന്നാകും അറിയുക. ഇതോടെ ഹെൽത്തി ഡ്രിങ്ക്‌സ് എന്ന നിലയിൽ ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഹോർലിക്സ് തിരിച്ചടികൾ നേരിട്ട് തുടങ്ങി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉടമസ്ഥതിയിലുള്ള ഹോർലിക്സിന്റെ ഡ്രിങ്ക് നെയിം മാറിയതോടെ വലിയ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ  നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ്  ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം ‘ഹെൽത്ത് ഡ്രിങ്ക്‌സിന്’ പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു. പാൽ, ധാന്യങ്ങൾ  എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. 

ആരോഗ്യ പാനീയങ്ങൾ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളിൽ നിർവചിച്ചിട്ടില്ലാത്തതിനാലാണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോർലിക്സ് പേര് പരിഷ്കരിച്ചത്. എന്നാൽ ഹെൽത്തി ഡ്രിങ്ക്‌ അല്ലെന്ന് വന്നതോടെ ആ നിലയിൽ ഹോർലിക്സ് വാങ്ങിച്ചിരുന്ന പലരും ഉപയോഗം കുറച്ചതായാണ് മാർക്കറ്റിൽ നിന്നുള്ള വിവരം. കുട്ടികൾക്ക് ഉൾപ്പെടെ നിരന്തരം വീടുകളിൽ ശീലമാക്കിയിരുന്ന ഹോർലിക്സ് ഹെൽത്തി ഡ്രിങ്ക് എന്ന പേരിൽ തന്നെയാണ് വിപണി കീഴടക്കിയത്.

Related Articles

Back to top button