ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊന്നു; സഹോദരീ പുത്രന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന മുതിര്‍ന്ന സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊന്ന സഹോദരീ പുത്രന്‍ അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. അറുപത്തിയേഴുകാരിയായ തങ്കമണി മാനസികാരോഗ്യ ചികില്‍സയിലാണ്. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ തനിച്ചായിരുന്നു താമസം. തങ്കമണിയുടെ സഹോദരിയുടെ മകന്‍ ശ്യാംലാലാണ് സഹായത്തിന് വരാറുള്ളത്.

തങ്കമണിയുടെ തൊട്ടടുത്ത ഭൂമിയില്‍തന്നെയാണ് ശ്യാംലാലും താമസിക്കുന്നത്. കമ്പിവേലി കെട്ടാനുള്ള ശ്യാംലാലിന്റെ ശ്രമം തങ്കമണി തടഞ്ഞിരുന്നു. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ബഹളവും വഴക്കും പതിവായിരുന്നു. ഇതിനിെടയാണ്, ശ്യാംലാല്‍ തങ്കമണിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിെട ബഹളംവച്ചപ്പോള്‍ തോര്‍ത്ത് കൊണ്ട് വായ്്മൂടിക്കെട്ടിയെന്നും ശ്വാസംമുട്ടി മരിച്ചെന്നുമായിരുന്നു പ്രതി ആദ്യം പൊലീസിനോട് പറഞ്ഞു.

വിശദായ അന്വേഷണത്തിലാണ് അതിര്‍ത്തി തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്ന് വ്യക്തമായത്. ആശുപത്രിയില്‍ എത്തും മുമ്പേ തങ്കമണി മരിച്ചിരുന്നു. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ പൊലീസിനെ സമീപിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം ശ്വാസംമുട്ടിച്ചതാണെന്ന് വ്യക്തമായി. അങ്ങനെയാണ്, ശ്യാംലാലിനെതിരെ കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

Related Articles

Back to top button