കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തൃശൂർ: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിക്കടവ് സ്വദേശി ഉസൈബ(56) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. മുളങ്കുന്നതുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റെസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം വാങ്ങിയത്.

100ൽ അധികം ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച 100 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുണ്ട്.

ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്‌സൽ വാങ്ങിക്കഴിക്കുകയായിരുന്നു. പനി, ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്ന് ഇന്നലെ രാവിലെയാണ് ഉസൈബ പെരിഞ്ഞനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ശാരീരിക അസ്വസ്ഥതകൾ കുറയാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതോടെ ഇവരെ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

സെയിൻ റെസ്‌റ്റോറന്റിൽ നിന്ന് കുഴിമന്തി പാഴ്സൽ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തുകയും റെസ്റ്റോറന്റ് അടപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button