വീണ്ടും ശാത്രക്രിയയിൽ പിഴവ്; കോഴിക്കോട് മെഡി.കോളേജിൽ കൈയ്ക്ക് പൊട്ടലുള്ള യുവാവിന് കമ്പി മാറിയിട്ടെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തിയതിൽ പിഴവ്. കൈയ്ക്ക് പൊട്ടലുമായെത്തിയ 24-കാരനായ അജിത്തിന് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയ്ക്ക് ശേഷം യുവാവിന് വേദന ശക്തമായപ്പോഴാണ് പിഴവ് മനസ്സിലായത്. സംഭവം പുറത്തുവന്നതോടെ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞതായി അജിത്തിന്റെ അമ്മ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായി അജിത്തും വ്യക്തമാക്കി.

വാഹനാപകടത്തെ തുടർന്നാണ് അജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ഒരാഴ്ചയോളമാണ് യുവാവ് ആശുപത്രിയിൽ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടർ അജിത്തിന്റെ കൈയിലിട്ടത്. ശസ്ത്രക്രിയയ്ക്കായി വാങ്ങി കൊടുത്ത കമ്പിയല്ല മകന് ഇട്ടതെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോൾ അജിത്തിന് അനസ്തേഷ്യ നൽകി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ തങ്ങൾ വാങ്ങി നൽകിയെങ്കിലും അതൊന്നും ഡോക്ടർ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ പറയുന്നു.

അതേസമയം, കഴിഞ്ഞ വ്യാഴാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളേജിൽ സമാനസംഭവം നടന്നിരുന്നു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ നാലുവയസുകാരിക്കാണ് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചത്. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണ് എതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

Related Articles

Back to top button