ആരോഗ്യകേരളാ മോഡൽ : തലസ്ഥാനത്ത് ചോരയൊലിക്കുന്ന കുഞ്ഞുമായി അമ്മ കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ; അഭയമായത് സ്വകാര്യ ആശുപത്രി

തിരുവനന്തപുരം : മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലുള്ള കുഞ്ഞുമായി ഒരു അമ്മ കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ. ശനിയാഴ്ച ( ഫെബ്രുവരി 10 ) നാണ് സംഭവം. ഒരിടത്തും മതിയായ ചികിത്സ കിട്ടാതായതോടെ ഈ കുടുംബത്തിന്റെ ആശ്രയമായത് സ്വകാര്യ ആശുപത്രി. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിനായിരുന്നു ഈ ദുരവസ്ഥ. കരമന നീറമൺകര ശങ്കർ നഗറിലെ അനുഷക്കിനാണ് നമ്പർ വൺ കേരളത്തിൽ ചികിത്സ കിട്ടാതെ മകൾ ഗൗരി നന്ദനയുമായി ആശുപത്രികൾ കയറിയിറങ്ങിയ ദുരനുഭവം ഉണ്ടായത്.

ശനിയാഴ്ച രാവിലെ 10:00 മണിയോടെ മാസ്ക് മുഴുവൻ രക്തവുമായി കൈകൊണ്ട് മൂക്കുപൊത്തി പിടിച്ചാണ് ഗൗരി നന്ദന ട്യൂഷൻ സെന്ററിൽ നിന്ന് വീട്ടിലേക്ക് ഓടിയെത്തിയത്. ഏകദേശം 11 മണിക്ക്, അടുത്ത ബന്ധുവിനെയും കൂട്ടി ഓട്ടോയിൽ അവർ തൈക്കാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തി. കുഞ്ഞിന് ചെറിയ പനി ഉണ്ടായിരുന്നതുകൊണ്ട് അതിനുള്ള മരുന്ന് കുറിച്ച് നൽകിയ ഡോക്ടർ ജനറൽ ആശുപത്രിയിൽ  ഇഎൻടി ഡോക്ടറെ കാണിക്കാൻ പറഞ്ഞു. അവിടെ എത്തിയപ്പോൾ സമയം 12:45.  ഓ.പി സമയം കഴിഞ്ഞതായും എത്രയും വേഗം എസ്എടി ആശുപത്രിയിൽ കൊണ്ടുപോകാനും അവർ പറഞ്ഞു.

വീണ്ടും ഓട്ടോ പിടിച്ച് എസ്എടി ആശുപത്രിയിൽ എത്തിയപ്പോൾ സമയം 1. 40. അവിടെയും മരുന്നുകൾ കുറച്ചു നൽകിയതല്ലാതെ പരിശോധനകൾ നടത്തിയില്ല. പരിശോധിക്കണമെങ്കിൽ മെഡിക്കൽ കോളേജിൽ പോകാൻ ആയിരുന്നു നിർദ്ദേശം.

ഉച്ചക്ക് 2 .15 ആയപ്പോഴേക്കും മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തി. അവിടെ കാര്യം പറഞ്ഞപ്പോൾ ഇഎൻടി ഡോക്ടറില്ല, തിങ്കളാഴ്ച ദിവസങ്ങളിലെ ഡോക്ടർ ഉണ്ടാവുകയുള്ളു എന്നായിരുന്നു മറുപടി. ഒടുവിൽ രക്തമൊഴുക്ക് നിൽക്കാതെ വന്നപ്പോൾ ഓട്ടോയിൽ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി. എക്സ് റേ എടുത്ത് പരിശോധിച്ചപ്പോൾ സൈനസ് അണുബാധയാണെന്ന് കണ്ടെത്തി. തുടർന്ന് അവിടെ നിന്നാണ് ചികിത്സ ലഭിച്ചത്.

ആരോഗ്യ രംഗത്ത് നമ്പർ വൺ എന്നുള്ള പ്രചാരണം നടക്കുമ്പോൾ കേരളത്തിന്റെ തലസ്ഥാനത്ത് മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഉൾപ്പെടെ നാല് പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭിക്കാതെ വന്നതിന്റെ ആഘാതത്തിലാണ് ആ കുടുംബം.

Related Articles

Back to top button