ആലപ്പുഴ എക്സ്പ്രസിൽ സഹയാത്രക്കാർക്ക് നേരെ ആക്രമണവും അസഭ്യവർഷവും; രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുപ്പൂർ (തമിഴ്നാട്): ആലപ്പുഴ എക്സ്പ്രസിൽ സഹയാത്രക്കാർക്ക് നേരെ ആക്രമണവും അസഭ്യവർഷവും നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. യാത്രക്കാരുടെ പരാതിയെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഇവരെ തിരുപ്പൂർ സ്റ്റേഷനിൽവച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ ഒരാൾ 17കാരനാണ്. ഈറോഡിൽ നിന്നാണ് ആറംഗ സംഘം ട്രെയിനിൽ കയറിയത്. മദ്യ ലഹരിയിലായ പ്രതികൾ സഹയാത്രക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവാക്കൾ യാത്രക്കാരെ അസഭ്യം പറയുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാക്കളുടെ പെരുമാറ്റത്തെ മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതോടെ ആക്രമണം തുടങ്ങി. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന മണികണ്ഠനാണ് പരാതി നൽകിയത്. മണികണ്ഠനൊപ്പം ഭാര്യയും സഹോദരിയും 14 ദിവസം പ്രായമായ മകളും ഉണ്ടായിരുന്നു. ഇവരെ യുവാക്കൾ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവാക്കൾക്കെതിരെ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Back to top button