വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

ന്യൂഡൽഹി: കൊവിഡ് വാക്‌‌സിൻ ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീൽഡ് പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. മറ്റ് കൊവിഡ് വാക്‌സിനുകൾ ധാരാളമായി വിപണിയിലുണ്ടെന്നും വിൽപന ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.

വാക്‌സിൻ നിലവിൽ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിൽ സമാനമായ പിൻവലിക്കലുകൾ നടത്തുമെന്നും ആസ്ട്രാസെനേക അറിയിച്ചു. മരുന്ന് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ യുകെയിൽ 100 ദശലക്ഷം പൗണ്ടിന്റെ കേസ് നേരിടുകയാണ് കമ്പനി. എന്നാൽ ഇക്കാരണമല്ല വാക്‌സിൻ പിൻവലിക്കുന്നതിന് കാരണമെന്നും കമ്പനി പറഞ്ഞു. ആസ്ട്രാസെനേകയും ഓക്‌സ്‌ഫർഡ് സർവകലാശാലയും ചേർന്നാണ് കൊവിഷീൽഡ് വികസിപ്പിച്ചത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് രാജ്യത്ത് ആസ്ട്രാ സെനെകയുടെ വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ 175 കോടി ഡോസ് കൊവിഷീൽഡ് വാക്സിൻ ഉപയോഗിച്ചു. യൂറോപ്യൻ യൂണിയനിലെ മാർക്കറ്റിംഗ് അംഗീകാരം കമ്പനി സ്വമേധയാ പിൻവലിച്ചു. വാക്‌സിൻ ഇനി ഉത്‌പാദിപ്പിക്കുന്നില്ലെന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.

രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്‌സിൻ കാരണമാകാമെന്നും മരുന്നുനിർമ്മാണ കമ്പനി യു.കെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിച്ചത്.

Related Articles

Back to top button