ഗുണ്ടാനേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു ; എസ്.ഐ. എത്തിയപ്പോള്‍ ഏമാന്‍ ശൗചാലയത്തില്‍! ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പെട്ടത് വിരമിക്കാനിരിക്കെ ; യാത്രയയപ്പിനുള്ള പന്തലഴിച്ചു

അങ്കമാലി/ആലപ്പുഴ/തിരുവനന്തപുരം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: എം.ജി. സാബുവും സംഘവും അങ്കമാലി പോലീസിന്റെ പിടിയില്‍.
അങ്കമാലിക്കടുത്ത് പുളിയനത്ത് ഫൈസലിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സാബുവും ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരും കുടുങ്ങിയത്. ഡിവൈ.എസ്.പി: സാബു ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറാണ്. 31-നു സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കേയാണു പിടിക്കപ്പെട്ടത്.
സംഭവം വിവാദമായതോടെ ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ ഡ്രൈവറേയും സി.പി.ഒയേയും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാമന്‍ വിജിലന്‍സിലായതിനാല്‍ നടപടിയെടുക്കേണ്ടതു വിജിലന്‍സ് എസ്.പിയാണ്.
ഡിവൈ.എസ്.പി. സാബുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തരവകുപ്പ് വിശദീകരണം തേടി.
എസ്.ഐ. എത്തിയപ്പോള്‍ ഏമാന്‍ ശൗചാലയത്തില്‍!
ഗുണ്ടകളെ നിരീക്ഷിക്കാന്‍ എസ്.പി. നിയോഗിച്ച അങ്കമാലി എസ്.ഐയും സംഘവും ഫൈസലിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. അതിഥികളെപ്പറ്റി വിശദമായി അനേ്വഷിച്ചപ്പോള്‍, വിരുന്നില്‍ പങ്കെടുക്കുന്നവരില്‍ പോലീസുകാരുണ്ടെന്നും ഡി.വൈ.എസ്.പി. ശൗചാലയത്തിലുണ്ടെന്നും വിവരം കിട്ടി. ഗുഡല്ലൂരില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴാണു ഡിവൈ.എസ്.പിയും സംഘവും ഫൈസലിന്റെ വീട്ടില്‍ കയറിയത്. ഒരു സുഹൃത്തിന്റെ വീട്ടിലേക്കെന്നു തെറ്റിദ്ധരിപ്പിച്ചാണു ഡിവൈ.എസ്.പി. തങ്ങളെ കൂട്ടിക്കൊണ്ടുപോയതെന്നു പോലീസുകാര്‍ മൊഴിനല്‍കി.
വിരമിക്കാനിരിക്കേ പെട്ടു; യാത്രയയപ്പ് പന്തലഴിച്ചു
ആലപ്പുഴ: വിരമിക്കാന്‍ നാലുനാള്‍ മാത്രം ശേഷിക്കേ ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് പിടിക്കപ്പെട്ട ഡിവൈ.എസ്.പി: എം.ജി. സാബുവിന്റെ യാത്രയയപ്പ് ചടങ്ങുകള്‍ റദ്ദാക്കി. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ പരിപാടിക്കായി തയാറാക്കിയ പന്തലും അഴിച്ചുമാറ്റി. മേലധികാരികളുടെ നിര്‍ദേശപ്രകാരമാണു സഹപ്രവര്‍ത്തകരുടെ പിന്മാറ്റം.
എറണാകുളം റൂറല്‍ പോലീസില്‍ ദീര്‍ഘകാലം ജോലിചെയ്ത സാബുവിന് അവിടെവച്ചുള്ള ബന്ധമാണു തമ്മനം ഫൈസലുമായുള്ളത്. ആലപ്പുഴ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്ന് അടുത്തിടെയാണു സാബു ക്രൈംബ്രാഞ്ചിലേക്കു മാറിയത്. ആലപ്പുഴയില്‍ മുമ്പ് കാപ്പ കേസ് പ്രതിക്കൊപ്പം വിരുന്നില്‍ പങ്കെടുത്ത ഫൈസല്‍ അന്നും സാബുവിനെക്കണ്ട് സൗഹൃദം പുതുക്കിയാണു മടങ്ങിയതെന്നു സൂചനയുണ്ട്.

Related Articles

Back to top button