ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; സ്പെഷ്യൽ സ്കൂളിലെ പ്രിൻസിപ്പലിനെതിരെയും ജീവനക്കാരിക്കെതിരെയും കേസെടുത്തു

കോട്ടയം: സംരക്ഷണം നൽകേണ്ട അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ സ്പെഷ്യൽ സ്കൂളിലെ പ്രിൻസിപ്പലിനെതിരെയും ജീവനക്കാരിക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി റോസി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16 കാരനാണ് സ്പെഷ്യൽ സ്കൂളിലെ ജീവനക്കാരുടെ ക്രൂര മർദ്ദനമേറ്റത്. ഈസ്റ്റർ അവധിക്കായി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ കുട്ടിയുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകൾ കണ്ടത്. തുടർന്ന് ചാത്തങ്കരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ദേഹത്ത് അടിയേറ്റിട്ടുണ്ടെന്ന് മനസിലായ ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് ലൈനിനെയും വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് വിദ്യാർത്ഥിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. നിരവധി പാടുകളാണ് കുട്ടിയുടെ ദേഹത്തുള്ളത്. ക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യൽ സ്കൂളിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്.
രക്ഷിതാക്കൾ ചോദിച്ചപ്പോൾ സ്ഥാപനത്തിന് അടുത്തുളള വീട്ടിൽ കുട്ടി ഓടിക്കയറിയെന്നും അവരാണ് മർദ്ദിച്ചതെന്നും ആദ്യം പറഞ്ഞു. അവരുടെ നമ്പർ ചോദിച്ചപ്പോൾ കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് വീട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്.

Related Articles

Back to top button