ഇത്ര വേഗം സാധിക്കുമല്ലേ; അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകാൻ എന്തിനാണ് ഇത്ര തിടുക്കം?’

കൊച്ചി ∙ ‘പഞ്ചായത്തുകൾ ഇത്ര വേഗത്തിൽ അനുമതി നൽകിയാൽ കോടതിയിൽ കേസുകൾ പകുതിയായി കുറയുമല്ലോ’ എന്നു ഹൈക്കോടതി. പി.വി.അൻവർ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാർക്കിന് ഒറ്റ ദിവസം കൊണ്ട് അനുമതി നൽകിയ കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടിയോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ജസ്റ്റിസ് വിജു എബ്രഹാമിന്റെ വാക്കാലുള്ള നിരീക്ഷണം.

‘ഇത്ര വേഗമൊക്കെ അനുമതി കൊടുക്കാൻ പഞ്ചായത്തുകൾക്കു സാധിക്കുമല്ലേ’ എന്നും അദ്ദേഹം വാദത്തിനിടെ ചോദിച്ചു. അൻവറിന്റെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്നു ഹൈക്കോടതി ചോദിച്ചു. എന്നാൽ കുട്ടികളുടെ പാർക്ക് തുറക്കാൻ മാത്രമാണ് അനുമതി എന്നും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്നും പഞ്ചായത്ത് അറിയിച്ചു. പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്, എന്തൊക്കെ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാൻ കൂടരഞ്ഞി പഞ്ചായത്തിനും അൻവറിനും കോടതി നിർദേശം നൽകി.

കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി.രാജനാണു പാർക്കിന്റെ പ്രവർത്തനത്തിനെതിരെ കോടതിയെ സമീപിച്ചത്. ലൈസൻസ് ഇല്ലാതെ എങ്ങനെയാണ് ഇത്രനാൾ പ്രവർത്തിച്ചതെന്നു കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെ, ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണു പഞ്ചായത്ത് അനുമതി നൽകിയത് എന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഒരാൾക്ക് 400 രൂപ വീതം പിരിച്ചാണു സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും പഞ്ചായത്ത് വിനോദ നികുതി അടക്കം ഒന്നും അടയ്ക്കുന്നില്ലെന്നും ഹർജിക്കാർ പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.n

Related Articles

Back to top button