ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈനീസ് ശ്രമം? സമൂഹ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈനീസ് നീക്കമെന്ന് മുന്നറിയിപ്പ്. എഐ വഴി തടസം സൃഷ്ടിക്കാൻ സാധ്യതയെന്നാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ചൈനയുടെ ഈ നീക്കം ബാധിച്ചേക്കുമെന്നും റിപ്പോർട്ടിലുണ്ട്.
സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചാകും ചൈനയുടെ പ്രവർത്തനമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. എഐ സാങ്കേതികവിദ്യ വഴി സൃഷ്ടിച്ച ഉള്ളടക്കം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കും. മീമുകൾ, വീഡിയോകൾ, ഓഡിയോ എന്നിവയിൽ കമ്പനി നിരന്തരം പരീക്ഷണം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
2023 ജൂൺ മുതൽ ചൈനയും ഉത്തര കൊറിയയും ഇത്തരത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നു. പ്രധാനമായും മൂന്ന് മേഖലകളിലാണ് ചൈനീസ് സൈബർ ഹാക്കർമാർ പ്രവർത്തിക്കുന്നത്. ദക്ഷിണ പസഫിക് ദ്വീപുകളിലുടനീളമുള്ള രാജ്യങ്ങൾ, ദക്ഷിണ ചൈനാ കടൽ മേഖല എന്നിവിടങ്ങളിലും അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങളുമാണ് ചൈന ലക്ഷ്യം വയ്‌ക്കുന്നത്. എഐ വഴി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഇത്തരം ഉള്ളടക്കങ്ങൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം സമാന രീതിയിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. ഫ്‌ളാക്‌സ് ടൈഫൂൺ എന്ന ഹാക്കർ യുഎസ്-ഫിലിപ്പീൻസ് സൈനികാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ആയിരുന്നു ലക്ഷ്യമിട്ടത്. ഫിലിപ്പീൻസ്, ഹോങ്കോംഗ്, ഇന്ത്യ, യുഎസ്എ എന്നിവിടങ്ങളും ലക്ഷ്യം വച്ചിരുന്നുവെന്നും കമ്പനി കൂട്ടിച്ചേർത്തു.

Related Articles

Back to top button