കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന്…

ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 7.30നാണ് യുവതിയെ സംശയാസ്പദമായ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

‘ഇന്നലെ വൈകിട്ട് വിദ്യാര്‍ഥിനിയുടെ സഹോദരന്‍ കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് യുവതിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.’ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

‘സംഭവം വിശദമായി അന്വേഷിക്കുകയാണ്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.’ ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് ഡിസിപി എസ്.ലോകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാവ് സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്. ‘എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളാണ് മകള്‍. എല്ലാം വിഷയങ്ങളും തുറന്ന് പറയുമായിരുന്നു. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മകളുടെ മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ സംശയങ്ങളുണ്ട്.’ കുടുംബത്തിന് നീതി ലഭിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തക കൂടിയായ മാതാവ് പറഞ്ഞു.

Related Articles

Back to top button