പോളണ്ടില്‍ പെരിങ്ങോട്ടുകര സ്വദേശിയുടെ മരണം: നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോള്‍ ‘തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി

പോളണ്ടില്‍ രണ്ടു മാസം മുൻപ് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി കുടുംബം.

സാധാരണ മരണം എന്ന രീതിയില്‍ പോസ്റ്റ്മോർട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടില്‍ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോള്‍ തലക്കേറ്റ ക്ഷതം കണ്ടെത്തുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ഈസ്റ്റർ ആഘോഷത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ വീട്ടുകാർക്ക് മറുപടി ലഭിച്ചിട്ടില്ല. പെരിങ്ങോട്ടുകര സ്വദേശികളായ അമ്ബാട്ടുവീട്ടില്‍ അഭിലാഷ്-ബിന്ദു ദമ്ബതിമാരുടെ രണ്ടു മക്കളിലൊരാളാണ് മരിച്ച ആഷിക് രഘു. ഒരു വർഷം മുൻപാണ് അയല്‍വാസിയായ യുവാവു മുഖേന ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുൻപ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.

ഏപ്രില്‍ ഒന്നിന് ആഷിക് മരിച്ചതായി വീട്ടില്‍ സന്ദേശമെത്തി. താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കള്‍ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവികമരണമെന്ന് പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കയറ്റിയയക്കാൻ അനുമതി നല്‍കി. ഇതിനിടയില്‍ ആഷിക്കിന്റെ സുഹൃത്തുക്കളുടെ സംസാരത്തില്‍ സംശയംതോന്നിയ അച്ഛൻ മൃതദേഹം നാട്ടിലെത്തുമ്ബോള്‍ പോസ്റ്റ്മോർട്ടം ചെയ്യാനായി പോലീസില്‍ അപേക്ഷ നല്‍കി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കള്‍ ചേർന്ന് പാർട്ടിയില്‍ പങ്കെടുത്തതായും അവസാനം ഇവർ തമ്മില്‍ തർക്കം നടന്നതായും സുഹൃത്തുക്കള്‍ മാറ്റിപ്പറഞ്ഞെന്ന് കുടുംബം ആരോപിക്കുന്നു.

12-ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോള്‍ ‘തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. ശരീരത്തില്‍ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. റീ പോസ്റ്റ്മോർട്ടസാധ്യത കണക്കിലെടുത്ത് ആഷിക്കിന്റെ മൃതദേഹം ലാലൂരില്‍ മറവുചെയ്യുകയാണുണ്ടായത്.

Related Articles

Back to top button