ദുഃഖത്തിന്റെ നിമിഷത്തിലും അൽന സർക്കാരിന് മുന്നിൽ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു; കേന്ദ്രസർക്കാർ ഒപ്പമുണ്ട്: ഭൂപേന്ദർ യാദവ്

വയനാട്: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകളുടെ സർക്കാരിലുള്ള പ്രതീക്ഷയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. അൽനയുടെ വീട് സന്ദർശിച്ചതിന് ശേഷം സമൂഹമാദ്ധ്യമത്തിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്രസർക്കാർ അവളുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
വയനാട്ടിലെ മനുഷ്യ-മൃഗ സംഘർഷത്തിൽ അൽനയ്‌ക്ക് പിതാവ് അജീഷിനെ നഷ്ടപ്പെട്ടുവെന്നറിയുമ്പോൾ എന്റെ ഹൃദയം വേദനിച്ചു. ദുഃഖത്തിന്റെ നിമിഷത്തിലും അൽന സർക്കാരിന് മുന്നിൽ അവളുടെ പ്രതീക്ഷകളെ കൃത്യമായി അവതരിപ്പിച്ചു. ഇതിനെ അഭിനന്ദിക്കുന്നു. അൽനയെ പോലെ ഒരു മകൾ ഏറെ അഭിനന്ദനം അർഹിക്കുന്ന കുട്ടിയാണ്. കേന്ദ്രത്തിലെ സർക്കാർ അവളുടെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് അവൾക്കു ഉറപ്പു കൊടുത്തു
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ, പ്രജീഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ച അദ്ദേഹം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. നാളെ നടക്കുന്ന അവലോകന യോഗത്തിൽ വന്യജീവികളുടെ ശല്യത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് ഫണ്ട് നൽകിയിട്ടുണ്ട്. നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button