നാലുവയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൈയ്ക്ക് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയ നാവിലാണ് നടത്തിയതെന്നാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലം ദുരനുഭവം നേരിടേണ്ടി വന്നത്. 

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ്. എന്നാൽ, ഡോക്ടർ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് കൊണ്ടു പോയപ്പോൾ വീട്ടുകാർ ഒപ്പം പോയിരുന്നില്ല. ശസ്ത്രക്രിയ പൂർത്തിയാക്കി വാർഡിൽ കൊണ്ടുവന്നപ്പോഴാണ് വായിൽ പഞ്ഞി തിരുകിയത് ശ്രദ്ധിച്ചത്. കയ്യിലെ ആറാംവിരൽ അതുപോലെ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാംവിരല്‍ നീക്കം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഡോക്ടർ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം വ്യക്തമാക്കി. അതേസമയം, രണ്ട് ശസ്ത്രക്രിയകൾ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. 

എന്നാൽ, എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം വലിയ വാർത്തയായിരുന്നു.

Related Articles

Back to top button