മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊല; 10 പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴയിലെ ആൾക്കൂട്ടക്കൊലപാതകത്തില്‍ 10 പേർ അറസ്റ്റിൽ. നാട്ടുകാരായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ. പോൾ, അമൽ, അതുൽ കൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വാളകം കവലയിൽ വ്യാഴാഴ്ച രാത്രി ആൾക്കൂട്ടം കെട്ടിയിട്ട് മർദിച്ച അരുണാചൽപ്രദേശുകാരൻ അശോക് ദാസ് ആണ് മരിച്ചത്. പെൺസുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അശോക്ദാസിന് മർദനമേറ്റത്.

തിരികെ പോകുന്നതിനിടെ അശോക് ദാസിന്റെ കൈകളിൽ രക്തം കണ്ടുവെന്നും ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി. മർദനമേറ്റ് അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button