കനത്ത മഴ; കോട്ടയം ജില്ലയിൽ ഉരുൾപൊട്ടലിൽ ഏഴ് വീടുകൾക്ക് കേടുപാടുകൾ, വൻ കൃഷിനാശം

കോട്ടയം: കോട്ടയം ജില്ലയിൽ അതി ശക്തമായ മഴയിൽ ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളപായമില്ല. 

രാവിലെ മുതൽ മലയോര മേഖലകളിലും പൂഞ്ഞാർ ഉൾപ്പെടെയുള്ളിടങ്ങളിലും ശക്തമായ മഴയായിരുന്നു. മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. തലനാടും ഉരുൾപൊട്ടൽ ഉണ്ടായതായാണ് വിവരം. വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം മഴ ശക്തമായിരുന്നു. ഇതോടെ മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികൾ ഉച്ചയോടെ നിറഞ്ഞു.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. നരിമറ്റം ചോവൂർ ഇലവുമ്പാറ റോഡ് തകർന്നു. പത്തോളം വളർത്തു മൃഗങ്ങൾ മണ്ണിടിച്ചിലിൽപ്പെട്ടു. വ്യാപകമായ കൃഷി നാശം സംഭവിച്ചു. തീക്കോയി പഞ്ചായത്തിലെ കല്ലത്തും മണ്ണിടിച്ചിലുണ്ടായതോടെ വാഗമൺ റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മാർമല അരുവിയിൽ അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. അരുവിയുടെ ഭാഗത്തേയ്ക്ക് പോകാൻപോലും സാധിക്കാത്ത തരത്തിൽ വെള്ളച്ചാട്ടമായി മാറിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. 

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചു.

Related Articles

Back to top button