പന്തീരങ്കാവില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഭർ‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദ്ദിച്ച സംഭവത്തിൽ ഭര്‍ത്താവ് രാഹുലിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സ്ത്രീധന പീഡനക്കുറ്റവും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പന്തീരങ്കാവ് പൊലീസ് അറിയിച്ചു.

ഗാര്‍ഹിക പീഡനക്കേസ് മാത്രം എടുത്ത് തന്റെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം നേരെത്തെ ആരോപിച്ചിരുന്നു. 26-ാം തിയതി പ്രതി വിദേശത്തേക്ക് പോകാനിരിക്കുന്നതിനാല്‍ ഉടനടി രാഹുലിനെ കണ്ടെത്താനാണ് പൊലീസ് ശ്രമം. മര്‍ദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മര്‍ദിച്ചെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു.

യുവതി ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പോലീസ് യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

Related Articles

Back to top button