കോഴിക്കോട് മെഡി. കോളജില്‍ മരുന്ന് ക്ഷാമം രൂക്ഷം; ഡയാലിസിസടക്കം പ്രതിസന്ധിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നും ശസ്ത്രക്രിയക്കാവശ്യമായ വസ്തുക്കളും കിട്ടാതെ വലഞ്ഞ് രോഗികള്‍. ഭൂരിഭാഗം മരുന്നുകളും ഡയാലിസിസിനുള്ള വസ്തുക്കളുമുള്‍പ്പെടെ വിലകൊടുത്ത് പുറത്തുനിന്നുവാങ്ങണം. വിതരണക്കാരുടെ സമരം അ‍ഞ്ചുദിവസം പിന്നിട്ടിട്ടും പരിഹാര നടപടികളെടുക്കാതെ കൈമലര്‍ത്തുകയാണ് ആരോഗ്യവകുപ്പ്.

ഭാര്യയുടെ വൃക്ക ശസ്ത്രക്രിയക്കായി വന്ന ഹനീഫ, ഗുരുതരമായി പൊള്ളലേറ്റ സഹോദരിക്കൊപ്പമെത്തിയ ഭാസ്കരന്‍. ശസ്ത്രക്രിയാ വസ്തുക്കളും മരുന്നും സ്വകാര്യമരുന്നുകടകളില്‍നിന്ന് വലിയ വിലകൊടുത്തുവാങ്ങേണ്ടിവന്നവരുടെ നിര ഇവരില്‍ ഒതുങ്ങുന്നില്ല. ഡയാലിസിസ് നടത്തണമെങ്കില്‍ ഫില്‍റ്ററും റ്റ്യൂബും മരുന്നുമടക്കം പുറത്തുനിന്ന് വാങ്ങാനാണ് ആശുപത്രിയില്‍നിന്ന് നിര്‍ദേശിക്കുന്നത്. ഹൃദ്രോഗ, അസ്ഥിരോഗ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്കാവശ്യമായ പല ഇംപ്ലാന്‍റുകളും ആശുപത്രിയിലില്ല. മരുന്നുക്ഷാമവും രൂക്ഷം. സ്റ്റോക്കെടുപ്പിനെന്ന പേരില്‍ ന്യായ വില മരുന്നുകട മൂന്നുദിവസത്തേക്ക് അടച്ചു.
75 കോടി രൂപ കുടിശികയായതോടെ വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും നല്‍കുന്നത് നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരാഴ്ചയായി അനുഭവപ്പെട്ടുതുടങ്ങിയ പ്രതിസന്ധി ഇപ്പോള്‍ രൂക്ഷമായിട്ടും ബദല്‍ ക്രമീകരണങ്ങളൊന്നുമുണ്ടായിട്ടില്ല. ഫണ്ട് ലഭിച്ചാലുടന്‍ വിതരണക്കാര്‍ക്ക് പണം നല്‍കുമെന്നുമാത്രമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അതുവരെ ആശുപത്രിയിലില്ലാത്തവ രോഗികള്‍ പുറത്തുനിന്നുതന്നെ വാങ്ങേണ്ടിവരുമെന്നര്‍ഥം.

Related Articles

Back to top button