ഐ.ടി പാര്‍ക്കുകളിലെ മദ്യശാല; സര്‍ക്കാരിന് പച്ചക്കൊടി വീശി നിയമസഭ സമിതി

ഐ.ടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നിയമസഭ സമിതിയുടെ അനുമതി. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് സമിതി അനുമതി നല്‍കിയതോടെ സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് കടക്കാനാവും. രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കാവും ലൈസന്‍സ് നല്‍കുക.20 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്.

ഐ.ടി പാര്‍ക്കുകളില്‍ ബീയറും വൈനും മദ്യവുമെല്ലാം വിളമ്പുന്ന ബാറുകള്‍. കഴിഞ്ഞ മദ്യനയത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്ന് വന്നത്. എതിര്‍പ്പുകളും പരാതികളും ഉയര്‍ന്നതോടെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് വിഷയമെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ നിര്‍േദശത്തെ പൂര്‍ണമായും എതിര്‍ത്തു. കേരളത്തിലെ യുവാക്കളായ ഐ.ടി ജീവനക്കാര്‍ക്കിടയില്‍ മദ്യഉപഭോഗം കൂടുമെന്നും സാംസ്കാരിക നാശത്തിന് വഴിവെക്കുമെന്നുമായിരുന്നു എതിര്‍പ്പുകള്‍. അതെല്ലാം പിന്തള്ളി സര്‍ക്കാര്‍ നിര്‍ദേശത്തിന് നിയമസഭാ സമിതി അംഗീകാരം നല്‍കി.

ഇതോടെ മദ്യനയത്തിലെ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാരിന് പച്ചക്കൊടിയായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിക്കുന്നതോടെ സര്‍ക്കാര്‍ നടപടിയിലേക്ക് കടക്കും. എക്സൈസ് വകുപ്പ് ചട്ടം തയാറാക്കി മന്ത്രിസഭയ്ക്ക് നല്‍കും. മന്ത്രിസഭ അംഗീകരിച്ച് വിഞ്ജാപനം ഇറക്കിയാല്‍ ഐ.ടി പാര്‍ക്കുകളിലും ബാറുകള്‍ തുറക്കും.

ഐ.ടി പാര്‍ക്കുകള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്. അവര്‍ക്ക് നേരിട്ടോ അല്ലങ്കില്‍ മറ്റൊരു കമ്പനിക്കോ ബാര്‍ നടത്താം.ഒന്നാം തീയതിലെ ഡ്രൈഡേ പിന്‍വലിക്കാനുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് ഐ.ടി പാര്‍ക്കുകളിലും മദ്യശാലകളെത്തുന്നത്.

Related Articles

Back to top button