ഞാൻ കുഞ്ഞായിരുന്നപ്പോൾ ജോലിക്കായി അമ്മ സമരം ചെയ്തു, 28-ാം വയസില്‍ ഞാനും; മനസ് നീറി സിപിഒ ഉദ്യോഗാർത്ഥി

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരുമാസം മാത്രം ശേഷിക്കെ സർക്കാർ അവഗണനയിൽ ജീവിതം തന്നെ നഷ്ടപ്പെടും എന്ന വക്കിൽ നിൽക്കുകയാണ് കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ്(സിപിഒ). 7 ബറ്റാലിയനുകളിലായി പട്ടികയിൽ ഉൾപ്പെട്ട 10,235 ഉദ്യോഗാർത്ഥികൾ ഇപ്പോഴും തൊഴിൽ രഹിതരായി തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലും പോലീസ് ആസ്ഥാനത്തും പലതവണ കയറിയിറങ്ങിയിട്ടും പരാതി നൽകിയിട്ടും, ഏറ്റവും ഒടുവിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചിട്ടും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട യുവാക്കളുടെ ശബ്ദം ഒരോ ദിവസം തോറും ഇടറുകയാണ്.
“അർഹതപ്പെട്ടത് തെണ്ടി വാങ്ങേണ്ട അവസ്ഥയാണ്. ചിലരുടെ കുടുംബവും ഇവിടുണ്ട്. 18 വർഷമായി എന്റെ അമ്മ സർവ്വീസിൽ കയറിയിട്ട്. അന്ന് ആ സമയത്ത് ലിസ്റ്റ് താമസിച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ കുഞ്ഞായ എന്നെയും എടുത്ത് അമ്മ സമരം ചെയ്തിരുന്നു. ഇന്ന് എന്റെ 28-ാം വയസിൽ ഞാൻ ഇവിടെ സമരം ചെയ്യുകയാണ്. ഇന്ന് ഞങ്ങൾ സമരം ചെയ്തിട്ട് കിട്ടുന്നില്ലെങ്കിൽ, നാളെ ഒരു കാലത്ത് എത്ര ആൾക്കാർ വന്ന് സമരം ചെയ്താലും ഒന്നും ആർക്കും കിട്ടാൻ പോകുന്നില്ല”.
“ഇവിടെ സമരത്തിനെത്തിയ ആരെങ്കിലും ഈ സർക്കാരിന് വേണ്ടി വോട്ട് ചെയ്യില്ല. ഇതെല്ലാം ചെയ്തിട്ട് അവർ ഇനി ഉളുപ്പില്ലാതെ വോട്ട് ചോദിക്കും. മുഖത്ത് നോക്കി പറയണം, വോട്ട് തരില്ല എന്ന്. പണ്ട് ഡിവൈഎഫ്‌ഐയിൽ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. കുടുംബം നോക്കണമെന്നുള്ളതു കൊണ്ടാണ് പരീക്ഷ എഴുതി പാസായത്. അർഹതപ്പെട്ട ഒന്ന് ഇങ്ങനെ വെയിലത്ത് വന്ന് നിന്ന് ചോദിക്കേണ്ടി വരുകയാണ്”- ഉദ്യോഗാർത്ഥി ജനം ടിവിയോട് പറഞ്ഞു.

Related Articles

Back to top button