നീറ്റ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; 4 യുവാക്കള്‍ അറസ്റ്റില്‍

നീറ്റ് മല്‍സര പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കോച്ചിങ് സെന്‍ററിലെ വിദ്യാര്‍ഥികളായ നാലുപേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ‌മേയ് അഞ്ചാം തിയതി പരീക്ഷ നടക്കാനിരിക്കെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഗുരുഗ്രാം സ്വദേശിയായ പെണ്‍കുട്ടി മല്‍സര പരീക്ഷയ്ക്കായി ഒരു വര്‍ഷമായി കോട്ടയില്‍ താമസിച്ച് തയ്യാറെടുത്ത് വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കോച്ചിങ് വിദ്യാര്‍ഥിയായ യുവാവ് പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്നും അവിടേക്ക് ചെന്ന പെണ്‍കുട്ടിയെ യുവാവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പീഡനവിവരം പെണ്‍കുട്ടി സുഹൃത്തുക്കളോട് വെളിപ്പെടുത്തുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ പെണ്‍കുട്ടി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

18 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികളെന്നും മുഖ്യപ്രതിയുെട ഫ്ലാറ്റില്‍ നിന്നാണ് മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൗണ്‍സിലിങ് നല്‍കി വരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൂട്ടബലാല്‍സംഗം, ബലാല്‍സംഗം, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Related Articles

Back to top button