സര്‍ക്കാര്‍ രൂപീകരിക്കാനില്ല; ശക്തമായ പ്രതിപക്ഷമായി തുടരുമെന്ന് ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നും ശക്തമായ പ്രതിപക്ഷമാകുമെന്നും ഇന്ത്യാ സഖ്യം. നരേന്ദ്ര മോദിക്കെതിരായ ജനവിധിയില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു. ദല്‍ഹിയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.

ഇന്ത്യാ മുന്നണിയെ പിന്തുണച്ച എല്ലാവര്‍ക്കും ഖാര്‍ഗെ നന്ദിയറിയിക്കുകയും ചെയ്തു. യോഗത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നതായും ഖാര്‍ഗെ പ്രതികരിച്ചു. ഈ ജനവിധി ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനുള്ള മറുപടിയെന്നും ഇന്ത്യാ സഖ്യ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

543ൽ 234 മണ്ഡലങ്ങളാണ് ഇന്ത്യാ സഖ്യം പിടിച്ചെടുത്തത്. സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ സഖ്യത്തിന് 38 സീറ്റുകൾ കൂടി വേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിപക്ഷത്തിരിക്കാമെന്ന തീരുമാനത്തിലേക്ക് ഇന്ത്യാ സഖ്യം എത്തിയത്. ടി.ഡി.പിയെയും ജെ.ഡി.എസിനെയും ഒപ്പം നിർത്തിക്കൊണ്ട് സർക്കാർ രൂപീകരിക്കാനുള്ള ആലോചനകൾ സഖ്യം നടത്തിയിരുന്നു. ഇതിനായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻ.സി.പി നേതാവ് ശരത് പവാറും ചില ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ പിന്നീട് പ്രതിപക്ഷത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button