ഫോണ്‍ നല്‍കിയില്ല; 16കാരൻ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു

തന്‍റെ സെല്‍ഫോണ്‍ കാണാത്തതിനെ തുടര്‍ന്ന് അസ്വസ്ഥനായ 16 കാരന്‍ മാതാപിതാക്കളെയും സഹോദരിയെയും വെടിവെച്ച് കൊന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച സാവോ പോളോയിലാണ് ദാരുണസംഭവം നടന്നത്. ഫോണ്‍ മാതാപിതാക്കളോ സഹോദരിയോ ആണ് എടുത്തുവച്ചത് എന്ന സംശയത്തിന്‍റെ പുറത്താണ് ദത്തുപുത്രനായ 16കാരൻ കുടുംബാംഗങ്ങളെ നരഹത്യ ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടി കുറ്റം സമ്മതിച്ചതായി അറിയിച്ചു. ഫോൺ എടുത്തുവെച്ചതിലുണ്ടായ പ്രകോപനമാണ് കുട്ടിയെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സംഭവം നടന്നത് വെളളിയാഴ്ച്ചയാണെങ്കിലും വാര്‍ത്ത പുറംലോകം അറിയുന്നത് തിങ്കളാഴ്ച്ചയാണ്. കുട്ടി തന്നെയാണ് കൊലപാതകവിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. സിവിൽ പൊലീസ് ഓഫീസറായ പിതാവിന്റെ സർവീസ് തോക്ക് ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഫോണ്‍ വീട്ടുകാരെടുത്ത് വച്ചിരിക്കുകയാണെന്ന സംശയം മൂര്‍ച്ചിച്ചതോടെ തോക്കെടുത്ത് പിതാവിനെ പിറകില്‍ നിന്നും വെടുവെയ്ക്കുകയായിരുന്നെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ഉടന്‍ തന്നെ വീട്ടിലുണ്ടായിരുന്ന സഹോദരിയെയും വെടിവെച്ച് വീഴ്ത്തി.

ഈ സമയത്ത് വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. പുറത്ത് പോയ അമ്മ തിരികെ വീട്ടിലെത്തിയതോടെ അമ്മയെയും സമാനസാഹചര്യത്തില്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെളളിയാഴ്ച്ച കൃത്യം നിര്‍വഹിച്ച ശേഷം തിങ്കളാഴ്ച്ച വരെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. സംഭവത്തില്‍ കേസെടുത്ത് കുട്ടിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സാവോ പോളോ ജുവനൈൽ ഡിറ്റൻഷൻ സെന്‍ററിലേക്ക് മാറ്റി.

Related Articles

Back to top button