അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ; അംഗീകരിക്കാനാകാത്ത നടപടിയെന്നും, തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ; അതിർത്തിയിൽ ഏറ്റുമുട്ടൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾക്ക് നേകെ ആക്രമണവുമായി താലിബാൻ. പാക് സൈന്യത്തിന് തിരിച്ചടി നൽകിയതായി അഫ്ഗാനിലെ താലിബാന്റെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അഫ്ഗാന്റെ സുരക്ഷാ സേന ഏത് തരം സാഹചര്യത്തോടും പ്രതികരിക്കാൻ തയ്യാറാണെന്നും, പ്രതിരോധം ശക്തമാക്കുമെന്നും താലിബാൻ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരത്തോടെ താലിബാൻ സേനയും പാക് സൈന്യവും തമ്മിൽ അതിർത്തി മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി അഫ്ഗാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് അഫ്ഗാനിലെ ദണ്ഡ് പദൻ മേഖലയിലുള്ളവർ തങ്ങളുടെ വീടുകൾ ഒഴിഞ്ഞിരുന്നു. ഖോസ്ത്, പക്തിക പ്രവിശ്യകളിൽ പാക് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
പാകിസ്താൻ പ്രകോപനപരമായ നടപടികളിലൂടെ അഫ്ഗാനിസ്ഥാന്റെ പ്രദേശത്തേക്ക് അതിക്രമിച്ച് കടന്നതായി താലിബാൻ ആരോപിച്ചു. ഖോസ്ത്, പക്തിയ പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ബർമികയിലും സെപെറയിലും നിരവധി വീടുകളാണ് ആക്രമണത്തിൽ തകർന്നത്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും, പാകിസ്താന്റെ നടപടി ഒരു രീതിയിലും അംഗീകരിക്കില്ലെന്നും താലിബാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു.
അതേസമയം അതിർത്തി മേഖലകളിൽ തീവ്രവാദ വിരുദ്ധ നടപടികളാണ് നടത്തിയതെന്നാണ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട കുറിപ്പിൽ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കമുണ്ടായതെന്നും, ഹാഫിസ് ഗുൽ ബഹാദൂർ സംഘത്തിലെ ഭീകരരെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button