പ്ലസ്‌വൺ പ്രവേശനം; അപേക്ഷ നാളെ മുതൽ, ആദ്യ അലോട്ട്മെൻ്റ് ജൂൺ 5 ന്

തിരുവനന്തപുരം: 2024-25 അധ്യായന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം.

അപേക്ഷ hscap.kerala.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം. മൊബൈല്‍ ഒടിപി വഴിയാണ് പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുന്നത്.

ഒരു റവന്യൂ ജില്ലയിൽ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ മറ്റു സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

മെയ് 29ന് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും

Related Articles

Back to top button