പ്ലസ്‌വൺ അപേക്ഷ; എന്തെല്ലാം ശ്രദ്ധിക്കണം? അറിയേണ്ടതെല്ലാം.!

പ്ലസ്‌വൺ പ്രവേശനത്തിനായി അപേക്ഷിക്കുമ്പോൾ പത്താംക്ലാസിൽ പഠിച്ച സ്കീം, രജിസ്റ്റർ നമ്പർ, പരീക്ഷയെഴുതിയ മാസവും വർഷവും ജനന തീയതി, മൊബൈൽ നമ്പർ തുടങ്ങിയവ നൽകിയാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കേണ്ടത്. മുൻ വർഷങ്ങളിൽ, അപേക്ഷ സ്വീകരിച്ചു തുടങ്ങിയതിനു ശേഷമാണ് കേന്ദ്ര സിലബസുകളിലെ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചിരുന്നത്. അതിനാൽ അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടേണ്ടി വന്നിട്ടുണ്ട്. ഇത്തവണ ഈ പ്രശ്നമില്ലാത്തതിനാൽ നിശ്ചിത സമയത്തുതന്നെ അപേക്ഷ നൽകൽ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.

1. നൽകേണ്ട രേഖകൾ

• ഭിന്നശേഷി വിഭാഗത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ സ്കീമുകളില്ലാതെ മറ്റുവിഭാഗങ്ങളിൽ പത്താംതരം ജയിച്ചവർ മാർക്കു പട്ടിക, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യണം. മറ്റുള്ളവർ അപേക്ഷയ്ക്കൊപ്പം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതില്ല.

2. പ്രവേശനസാധ്യത മനസ്സിലാക്കി അപേക്ഷിക്കാം

• ഓപ്ഷൻ നൽകാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം പ്രവേശനം ലഭിച്ച ഏറ്റവുംതാഴ്ന്ന റാങ്കുകാരുടെ വിവരം പ്രവേശന വെബ് സൈറ്റിൽ ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷയിൽ വിവിധ വിഷയങ്ങളുടെ ഗ്രേഡും അർഹതയുള്ള ബോണസ് പോയിന്റും ടൈബ്രേക്ക് പോയിന്റും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചുള്ള വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (ഡബ്ള്യു.യു.ജി.പി.എ.) അനുസരിച്ചാണ് അപേക്ഷകരുടെ റാങ്കു നിശ്ചയിക്കുന്നത്. സ്വന്തം നിലയിൽ ഇതു പരിശോധിക്കാം.

3. ബോണസ് പോയിന്റ്

• പ്ലസ്‌വൺ പ്രവേശനത്തിൽ ബോണസ് പോയിന്റ് നിർണായകമാണ്. ഒരാൾക്ക് പരമാവധി ലഭിക്കാവുന്നത് 10 ആണ്. പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് എൻ.സി.സി, സ്കൗട്ട്, എസ്.പി.സി., ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് എന്നിങ്ങനെയുള്ള ബോണസ് പോയിന്റുകൾക്ക് അർഹതയുണ്ടാകില്ല.

• അപേക്ഷയിൽ അവകാശപ്പെടുന്ന ബോണസ് പോയിന്റ്, ടൈബ്രേക് പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് നിർബന്ധമായും ഹാജരാക്കണം. ഇതിനുകഴിയാത്തവരുടെ അലോട്മെന്റ് റദ്ദാക്കും.

• വീരമൃത്യുവരിച്ച സൈനികരുടെ മക്കൾക്ക് അഞ്ച് ബോണസ് പോയിന്റ് ലഭിക്കും. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലെ ജവാന്മാർ, വിമുക്തഭടന്മാർ എന്നിവരുടെ മക്കൾക്ക് മൂന്നു പോയിന്റും. എൻ.സി.സി., സ്കൗട്ട്, എസ്.പി.സി. എന്നിവയിലെ മികവിന് നിബന്ധനകൾക്കു വിധേയമായി രണ്ട് ബോണസ് പോയിന്റ്.

• എ ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ് അംഗം-ഒരു പോയിന്റ്, അപേക്ഷിക്കുന്ന സ്കൂളിലെ വിദ്യാർഥി-രണ്ട്, താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സ്കൂൾ-രണ്ട്, അതേ താലൂക്ക്-ഒന്ന്, ഗവ., എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ വിദ്യാർഥി അതേ താലൂക്കിൽ അപേക്ഷിക്കുമ്പോൾ-രണ്ട്, എസ്.എസ്.എൽ.സി. പരീക്ഷയിലൂടെ യോഗ്യതനേടുന്നവർ-മൂന്ന്.

• വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്നഘട്ടത്തിൽ റാങ്കു നിർണയത്തിനായി ടൈബ്രേക് പോയിന്റുകൾ പരിഗണിക്കും. ഗ്രേസ് മാർക്ക് ലഭിക്കാത്ത അപേക്ഷകർ, ഇംഗ്ലീഷിലെ ഉയർന്ന ഗ്രേഡ്, ഒന്നാംഭാഷയിലെ ഉയർന്ന ഗ്രേഡ് തുടങ്ങി വിവിധ ഘടകങ്ങളാണ് പരിശോധിക്കുന്നത്.

4. ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കാം

• ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിനു തടസ്സമില്ല. സി.ബി.എസ്.ഇ. സിലബസിൽ ബേസിക് മാത്സ് ജയിച്ച അപേക്ഷകർക്ക് കണക്ക് ഉൾപ്പെടുന്ന സയൻസ് കോഴ്സുകളിൽ ഓപ്ഷൻ നൽകാൻ കഴിയില്ല.

5. എത്ര ഓപ്ഷനുകളും നൽകാം

• ഓപ്ഷനുകൾ ശരിയായി നൽകണം. വെബ്സൈറ്റിൽ പ്രോസ്പെക്ടസ് ഉണ്ട്. ഇതിൽനിന്ന് സ്കൂൾ, കോഴ്സുകൾ എന്നിവ വിശദമായി പരിശോധിക്കണം. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിന്റെ കോഡ്, കോഴ്സ് കോഡ് എന്നീ ക്രമത്തിൽ ഓപ്ഷൻ പട്ടിക എഴുതിത്തയ്യാറാക്കണം. ഇതുവെച്ചുവേണം ഓപ്ഷനുകൾ കൂട്ടിച്ചേർക്കാൻ. ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. ഇഷ്ടപ്പെട്ട സ്കൂളും വിഷയവും ആദ്യം നൽകണം.

• പഠനസൗകര്യം പരിഗണിച്ച് അടുത്തുള്ള മറ്റു സ്കൂളുകളിലേക്കുള്ള ഓപ്ഷനും തിരഞ്ഞെടുക്കണം. ഒരു സ്കൂളിൽമാത്രം ഓപ്ഷൻ നൽകിയാൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡുണ്ടെങ്കിലും ആദ്യ അലോട്മെന്റിൽ ഉൾപ്പെടണമെന്നില്ല. മുൻവർഷങ്ങളിൽ ഇങ്ങനെ ബുദ്ധിമുട്ടിലായ ഒട്ടേറെ കുട്ടികളുണ്ട്.

• ആദ്യ ഓപ്ഷനിൽത്തന്നെ അലോട്മെന്റ് ലഭിച്ചാൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിലാണ് അലോട്മെന്റെങ്കിൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ അപേക്ഷയിലെ വിവരങ്ങൾ കംപ്യൂട്ടറിൽനിന്നു നീക്കും. തുടർ അലോട്മെന്റുകളിൽ ഇവരെ പരിഗണിക്കില്ല.

Related Articles

Back to top button