സിദ്ധാര്‍ത്ഥനെ മര്‍ദിച്ചും പരസ്യവിചാരണ നടത്തിയും അതിക്രൂരമായി പീഡിപ്പിച്ചു; ഹോസ്റ്റലില്‍ അലിഖിത നിയമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കോളജ് ഹോസ്റ്റലില്‍ അലിഖിത നിയമമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പെണ്‍കുട്ടിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത്. ഇതേതുടര്‍ന്ന് വീട്ടിലേക്ക് പോകും വഴി എറണാകുളത്തെത്തിയ സിദ്ധാര്‍ത്ഥന്‍ മടങ്ങിവന്നു.(Siddharthan’s death unwritten rule in college hostel)
രഹാന്റെ ഫോണില്‍ നിന്ന് സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. നിയമനടപടിയുമായി പോയാല്‍ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
15ാം തീയതിയാണ് സിദ്ധാര്‍ത്ഥന്‍ വീട്ടിലേക്ക് പോകുന്നത്. ട്രെയിനില്‍ മടങ്ങുന്ന സിദ്ധാര്‍ത്ഥനെ കോളജ് മെന്‍സ് ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് 16ാം തീയതി രാവിലെ ഹോസ്‌ററലില്‍ തിരികെയെത്തിച്ചു. മുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ അന്യായ തടങ്കലില്‍ വച്ച സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ വച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റ് കൊണ്ടും കേബിള്‍ വയര്‍ കൊണ്ടും കൈകൊണ്ട് അടിച്ചും കാല് കൊണ്ട് തൊഴിച്ചും അതിക്രൂരമായി പീഡനത്തിന് ഇരയാക്കി. പൊതുമധ്യത്തില്‍ പരസ്യ വിചാരണ നടത്തിയും മര്‍ദിച്ചും അപമാനിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button