മൂന്ന് ദിവസം പട്ടിണിക്കിട്ട് മര്‍ദിച്ചു’; സിദ്ധാർഥന്‍ നേരിടേണ്ടിവന്നത് അതിക്രൂര റാഗിങ്

വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലില്‍ സിദ്ധാർഥന് നേരിടേണ്ടിവന്നത് അതിക്രൂര മർദനമെന്ന് ആന്റി റാഗിങ് സ്ക്വാഡിന്‍റെ കണ്ടെത്തല്‍. മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നൽകാതെയാണ് പ്രതികള്‍ സിദ്ധാര്‍ഥനെ മര്‍ദ്ദിച്ചത്. ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി അവരെക്കൊണ്ടും സിദ്ധാർഥനെ ഉപദ്രവിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രൂരതകളുടെ വിവരണം കേട്ടു ദിവസങ്ങളായി ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് സ്ക്വാഡിലുള്ള അധ്യാപകർ പറയുന്നു.

കൊടും ക്രൂരതകളുടെ വിവരണങ്ങളാണ് ഇന്നലെ പൂക്കോട് വെറ്ററിനറി കോളജില്‍ നടന്ന ആന്‍റ് റാഗിങ് കമ്മിറ്റി യോഗത്തില്‍ പുറത്തുവന്നത്. ആള്‍ക്കൂട്ട വിചാരണയ്ക്കും കൊടിയ മര്‍ദ്ദനത്തിനും ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥന്‍ മൂന്ന് ദിവസം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നേരിടേണ്ടി വന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങള്‍. ഹോസ്റ്റലിലെ 21–ാം നമ്പർ മുറി, നടുമുറ്റം, വാട്ടർടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലെല്ലാം എത്തിച്ച് സിദ്ധാർഥനെ പ്രതികള്‍ മര്‍ദ്ദിച്ചു. ബല്‍റ്റ് ഉപയോഗിച്ച് നടത്തിയ മര്‍ദ്ദനത്തിനൊപ്പം പലവട്ടം ചവിട്ടി നിലത്തിട്ടു.

മുടിയില്‍ പിടിച്ചു വലിക്കുകയും കവിളത്തു പലതവണ അടിക്കുകയും വയറിലും നെഞ്ചിലും ആഞ്ഞുതൊഴിക്കുകയും ചെയ്തതായി ആന്റി റാഗിങ് സ്ക്വാഡിന് വിദ്യാര്‍ഥികളുടെ മൊഴി. പ്രതികള്‍ മാത്രമല്ല ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളെ കൊണ്ടും സിദ്ധാർഥനെ ഉപദ്രവിച്ചു. ഉറങ്ങിക്കിടന്നിരുന്നവരെ പോലും വിളിച്ചുവരുത്തിയ സിദ്ധാർഥനെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു. മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർഥനെ അടിച്ചശേഷം കര‍ഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതായി ആന്റി റാഗിങ് സ്ക്വാഡി വ്യക്തമാക്കി. സിദ്ധാര്‍ഥന്‍ നേരിട്ട ആള്‍ക്കൂട്ട മര്‍ദ്ദനം കാണാന്‍ ഹോസ്റ്റല്‍നിവാസികള്‍ നിര്‍ബന്ധമായും എത്തണെമന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികളെ നടുമുറ്റത്തേക്കു വിളിച്ചുവരുത്തിയതിനു ശേഷം സിദ്ധാർഥനെ നഗ്നനാക്കി മര്‍ദ്ദിച്ചു.

നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. പതിനാറാം തിയതി തുടങ്ങിയ മര്‍ദ്ദനം കടുത്തപ്പോള്‍ സിദ്ധാര്‍ഥന്‍ കടുംകൈ ചെയ്തേക്കാമെന്ന തോന്നലില്‍ 17ന് രാത്രി മുഴുവന്‍ പ്രതികള്‍ കാവലിരുന്നിരുന്നു. എന്നാല്‍ 18ന് രാവിലെ സിദ്ധാര്‍ഥനു വലിയ കുഴപ്പമില്ലെന്നു വിലയിരുത്തിയ സംഘം ഉച്ച വരെ വീണ്ടും ക്രൂരമായി മര്‍ദിച്ചു. പിന്നാലെയാണ് സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 98 വിദ്യാർഥികളാണ് അന്വേഷണസംഘത്തിനു മൊഴി നൽകിയത്.

Related Articles

Back to top button