ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയെ പുറത്താക്കണം; ഡിവൈഎഫ്‌ഐ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാർ അനുകൂലിയായ വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്ന് ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അർത്ഥത്തിൽ ഷൈജ ആണ്ടവൻ കമന്റിട്ടത്. ( teacher who supported godse should be expelled demands dyfi )


ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകുകയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരൻ ഗോഡ്‌സെക്ക് വീര പരിവേഷം നൽകി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button