തായ്‌വാനിൽ അതിശക്തമായ ഭൂകമ്പം , വൻ നാശം ; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

തായ്‌വാനിൽ ശക്തമായ ഭൂചലനം .ഹുവാലിൻ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഹുവാലിനിലെ കെട്ടിടങ്ങളുടെ അടിത്തറ ഇളകി. തലസ്ഥാനമായ തായ്‌പേയിലും ഭൂചലനം അനുഭവപ്പെട്ടു.
തായ്‌വാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി 7.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ യുഎസ് ജിയോളജിക്കൽ സർവേ ഇത് 7.4 ആയി രേഖപ്പെടുത്തി . ഭൂകമ്പത്തിൽ തായ്‌വാനിലെ ഹുവാലിനിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്പീഡ് ട്രെയിൻ സർവീസ് നിർത്തി. ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട് . തായ്‌വാനിൽ, 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലെ തെക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹുവാലിൻ കൗണ്ടി ഹാളിൽ നിന്ന് 25.0 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായി പസഫിക് സമുദ്രത്തിൽ 15.5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തെത്തുടർന്ന് തായ്‌പേയ്, തായ്‌ചുങ്, കാവോസിയുങ് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സിഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാകോജിമ, യെയാമ മേഖലകളിലെ തീരപ്രദേശങ്ങളിലും ഒകിനാവ പ്രിഫെക്ചറിലെ പ്രധാന ദ്വീപായ ഒകിനാവയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനങ്ങൾ റദ്ദാക്കി. ഫിലിപ്പീൻസും സുനാമി മുന്നറിയിപ്പ് നൽകുകയും തീരപ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് 3 മീറ്റർ (9.8 അടി) വരെ സുനാമി ഉണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു.

Related Articles

Back to top button