തീരം ഉള്ളിലോട്ടു വലിയും , വൻ തിരമാലകൾ അടിച്ചുകയറും ; കേരളത്തിൽ ആഞ്ഞടിക്കുന്നത് സുനാമിയുമായി സാമ്യമുള്ള പ്രതിഭാസം

തിരുവനന്തപുരം ; തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടൽക്ഷോഭം കുറഞ്ഞു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ കടലാക്രമണത്തിന് കാരണമായ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത രണ്ടു ദിവസം കൂടി ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ പറഞ്ഞു.
വലിയതുറ, പൊഴിയൂര്‍, പൂന്തുറ തുടങ്ങിയ മേഖലകളില്‍ സ്ഥിതി രൂക്ഷമാണ്. അഞ്ചുതെങ്ങ്, വര്‍ക്കല മേഖലകളിലും കടല്‍ക്ഷോഭം ശക്തമാണ്. പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു. കോവളത്തെ തീരപ്രദേശങ്ങളിലുള്ള കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന്, പ്രദേശത്ത് വിനോദസഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്.
ആലപ്പുഴയിലും സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ പുറക്കാട്, വളഞ്ഞവഴി, ചേര്‍ത്തല, പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴയിലും കടലാക്രമണം രൂക്ഷമാണ്. തൃക്കുന്നപ്പുഴ-വലിയഴീക്കല്‍ റോഡില്‍ ഗതാഗതം നിലച്ചു.
അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റത്തെയാണ് കള്ളക്കടൽ എന്നു പറയുന്നത്. കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം. ഇതു രണ്ടുമല്ലാതെയുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ. ഇത് രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും. പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും.ആദ്യ തിരകളെത്തുമ്പോൾ തന്നെ ഇത് കള്ളക്കടലാണെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് തീരദേശവാസികൾ പറയുന്നത്
സുനാമിയുമായി സമാനതകളുള്ള പ്രതിഭാസമാണിത് .സ്വാഭാവിക ബീച്ചുള്ള പ്രദേശങ്ങളെ കള്ളക്കടൽ സാധാരണയായി ബാധിക്കാറില്ല. തിരയ്‌ക്ക് തിരിച്ചുപോകാൻ കടൽ തന്നെ വഴിയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. എന്നാൽ തീരമില്ലാത്ത സ്ഥലങ്ങളിലാണ് മുകളിലേക്ക് തിരയടിച്ചു കയറുന്നത്.

Related Articles

Back to top button