കോവിഷീൽഡിന് പിന്നാലെ കോവാക്സിൻ എടുത്തവർക്കും ഗുരുതര പാർശ്വഫലങ്ങളെന്ന് പഠനം

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച കൊവാക്സിൻ സ്വീകരിച്ചവർക്കും പാ‍ർശ്വഫലങ്ങൾ ഉണ്ടെന്ന പഠനറിപ്പോർട്ട് പുറത്ത്. ബനാറസ് ഹിന്ദുലർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഭാരത് ബയോടെക്ക് പുറത്തിറക്കിയ കൊവാക്സിൻ സ്വീകരിച്ച മൂന്നിലൊന്നുപേർക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തയിത്. ഇവരിൽ 50 ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തി. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.

ആർത്തവ സംബന്ധമായ തകരാറുകൾ,​ ഹൈപ്പോ തൈറോയ്‌ഡിസം,​ പക്ഷാഘാതം,​ ഗീലൻ ബാരെ സിൻഡ്രോം തുടങ്ങിയവയും വാക്സിൻ എടുത്തതിന് പിന്നാലെ റിപ്പോർട്ട് ചെയ്തു. കൈകാലുകളിലെ ഞരമ്പുകൾക്ക് ബലഹീനത ഉണ്ടാകുന്ന രോഗമാണ് ഗീലൻ ബാരെ സിൻ‌ഡ്രോം. 2022 ജനുവരി മുതൽ 2023 ആഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button