ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (24/05/2024)

24 മെയ് | 2024 | വെള്ളി | ഇടവം 10

 പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക് 5 പ്രധാനമന്ത്രിമാരെ നിശ്ചയിക്കണോ എന്നാണ് ഇന്ത്യാ മുന്നണി ചര്‍ച്ച ചെയ്യുന്നതെന്ന് മോദി പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാമക്ഷേത്രം ഉണ്ടാക്കാന്‍ അനുവദിച്ചില്ലെന്നും അവര്‍ അധികാരത്തില്‍ വന്നാല്‍ രാമനാമം ജപിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ മോദി, മുസ്ലിംകള്‍ക്കു വേണ്ടി 2 രാജ്യം സൃഷ്ടിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുവെന്നും ആരോപിച്ചു.

 പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ദൈവം നേരിട്ട് അയച്ച ഒരാള്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭരണഘടനയുടെ ശക്തിയിലാണ് ദരിദ്രര്‍ക്ക്, കര്‍ഷകര്‍ക്ക്, ദലിതര്‍ക്ക്, ഗോത്രവിഭാഗങ്ങള്‍ക്ക്, പിന്നാക്കകാര്‍ക്ക് അവകാശങ്ങള്‍ ലഭിച്ചതെന്ന് പറഞ്ഞ  പ്രിയങ്ക പത്തു വര്‍ഷം ഒരു സര്‍ക്കാരിനെ നയിച്ച പ്രധാനമന്ത്രി കുതിച്ചുയരുന്ന വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും നിശബ്ദത പുലര്‍ത്തുകയാണെന്നും അദ്ദേഹം ഇപ്പോള്‍ മംഗല്യസൂത്രത്തെപ്പറ്റിയാണ് പറയുന്നതെന്നും പരിഹസിച്ചു.

ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയില്‍വാസമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാര്‍ട്ടി ഇല്ലാതാകില്ലെന്നും ഭഗവത്ഗീത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു

 മഹാരാഷ്ട്ര ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനo. വന്‍സ്ഫോടനത്തില്‍ 8 മരണം സ്ഥിരീകരിച്ചു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്. ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പരിക്കറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.

കേരള തീരത്തിന് അരികിലായി  അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ മഴ ശക്തമാകുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടി നാളത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തി. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

 സംസ്ഥാനത്ത് പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യത. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു

Related Articles

Back to top button