ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (25/05/2024)

2024 | മെയ് 25 | ശനി | ഇടവം 11 

 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയുമടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുക. ദില്ലിയിലെ ഏഴും, ഹരിയാനയിലെ പത്തും സീറ്റുകള്‍ക്ക് പുറമേ ഉത്തര്‍ പ്രദേശിലെ 14 ഉം ബീഹാറിലെ 8 ഉം ഒഡീഷയിലെ 6 ഉം പശ്ചിമ ബംഗാളിലെ 8 ഉം ജാര്‍ഖണ്ഡിലെ 4ഉം ജമ്മുകാശ്മീരിലെ ഒരു സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇന്നത്തെ 58 മണ്ഡലങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കുന്നതോടെ 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിയും. ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളാണുള്ളത്.

 പാക്കിസ്ഥാന്റെ കയ്യില്‍ ആറ്റംബോബുണ്ടെന്നും  ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും ഇന്ത്യയുടെ പതാക ചന്ദ്രനിലുള്ളപ്പോള്‍, പാകിസ്ഥാന് പതാകയിലാണ് ചന്ദ്രനെന്നും മോദി പരിഹസിച്ചു.

രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്‍ക്കാലം സുപ്രീംകോടതി ഇടപെടില്ല.  തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഫോം 17 സി പ്രസിദ്ധീകരിച്ചാല്‍ കണക്കുകളില്‍ കള്ളത്തരം സൃഷ്ടിക്കാനാകുമെന്നായിരുന്നു കമ്മീഷന്റെ വാദം.

 കേരളത്തിന് ഈ വര്‍ഷം ഡിസംബര്‍ വരെ 21,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉള്‍പ്പെടെയാണിത്. അത് നേരത്തെ എടുത്തുകഴിഞ്ഞതിനാല്‍ ഇനി ഡിസംബര്‍ വരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി രൂപയുടെ കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാന്‍ കേരളം ആവശ്യപ്പെടും.

ബാര്‍ കോഴ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച്  മന്ത്രി എംബി രാജേഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

മദ്യനയത്തില്‍ ഇളവ് വരുത്താന്‍ ബാറ് ഉടമകളില്‍ നിന്ന് കോടികള്‍ വാങ്ങിയ ഇടപാട് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി. എക്സൈസ് മന്ത്രിക്ക് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ല. അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ പിരിച്ചെടുത്ത പണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു

Related Articles

Back to top button