ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (28/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 28 | ചൊവ്വ | ഇടവം 14 | 

 താന്‍ പരമാത്മാവാണെന്ന മോദിയുടെ കഥ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും അദാനിയെ സേവിക്കാനാണ് ദൈവം മോദിയെ ഭൂമിയിലേക്ക് അയച്ചതെന്നും  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യാസഖ്യത്തിന് അനുകൂലമായ കൊടുങ്കാറ്റു വീശുകയാണെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ഉറപ്പാണെന്നും രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി .

 ബാര്‍ കോഴ ആരോപണത്തില്‍ പുറത്തുവന്ന,  ശബ്ദ രേഖ നിഷേധിക്കാതെ ബാറുടമ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്‍. കെട്ടിടം വാങ്ങാന്‍ 50 ലക്ഷം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സമ്മര്‍ദ്ദം ചെലുത്തി. പിരിവ് നടക്കാത്തതിനാല്‍ തന്നെ വിമര്‍ശിച്ചു, ആ സമ്മര്‍ദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടത്. അന്ന്  എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. ഗ്രൂപ്പില്‍ പലര്‍ക്കും പണം നല്‍കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്  ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നടന്ന ചര്‍ച്ചകളെ കുറിച്ചാണ് തെറ്റായ   പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ നല്‍കിയത് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട കടമയുടെ ഭാഗമാണ്. പതിവായി തുടരുന്ന ഈ നിര്‍ദ്ദേശങ്ങളെ ദുര്‍വ്യാഖ്യാനിച്ചാണ് പലതരത്തിലുള്ള വാര്‍ത്താ പ്രചാരണങ്ങളും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 ബാര്‍കോഴ വിവാദത്തില്‍ ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ബാര്‍കോഴ ഉയര്‍ത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. 

 മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി.

 പ്രകടന പത്രികയില്‍ എല്‍.ഡി.എഫ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തകിടം മറിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മദ്യനയം തയ്യാറാക്കിയതെന്നും അതു മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മുന്‍ കെപിസിസി പ്രസിഡണ്ട് വിഎംസുധീരന്‍ കുററപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകള്‍ മാത്രമായിരുന്നു. അതിപ്പോള്‍ 920 നുമേല്‍ കവിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 അങ്കമാലിയില്‍ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.  ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നില്‍ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലായി. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു.

 തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ എസ് യു ക്യാമ്പിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്തു. വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണത്തിലാണ് രണ്ട് പേര്‍ക്കെതിരെ നടപടിയെടുത്തത്. സംഘര്‍ഷത്തിന് തുടക്കമിട്ടെന്ന് ആരോപിച്ചാണ് മറ്റ് രണ്ട് പേരെ സസ്പെന്റ് ചെയ്തത്. എന്‍ എസ് യു നേതൃത്വമാണ് 4 പേരെയും സസ്പെന്‍ഡ് ചെയ്തത്.

 പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് രണ്ടാംദിനം പരീക്ഷാഫലം പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാലയുടേത് ചരിത്ര നേട്ടമെന്ന്  മന്ത്രി ഡോ.ആര്‍ ബിന്ദു . വെള്ളിയാഴ്ച പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ച ആറാം സെമസ്റ്റര്‍ ബി.എസ്.സി പരീക്ഷകളുടെ റിസള്‍ട്ടാണ് സര്‍വകലാശാല ഞായറാഴ്ച തന്നെ പ്രസിദ്ധീകരിച്ചത്.

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സ്‌ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.inല്‍ ലഭ്യമാണ്. മേയ് എട്ടാം തീയ്യതിയാണ് ഈ വര്‍ഷത്തെ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

Related Articles

Back to top button