ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (29/05/2024) 

പ്രഭാത വാർത്തകൾ

2024 | മെയ് 29 | ബുധൻ | ഇടവം 15

 സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലായി അഞ്ച് മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മേഘവിസ്ഫോടനം കൊണ്ടാണ് കളമശ്ശേരിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാവിലെ 8.30ന് ശേഷം കളമശ്ശേരിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റര്‍ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്റെ യഥാര്‍ത്ഥ രൂപത്തിലുള്ള മഴയാണ് ഇന്നലെ കളമശ്ശേരിയില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കനത്ത മഴയില്‍ കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കളമശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലും, എച്ച്എംടി സ്‌കൂളിലുമായി രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചു. മന്ത്രി പി രാജീവ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

 കോട്ടയത്ത് ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. കോട്ടയത്ത് തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മഴ  കനത്തതുമൂലം  ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു. കോട്ടയം ജില്ലയില്‍  വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാല്‍ ജില്ലയിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട  വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ നാല് വിമാനങ്ങള്‍ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. കനത്ത മഴയില്‍ പൈലറ്റുമാര്‍ക്ക് റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.

 സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക്  കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. സംസ്ഥാനത്താകെ 895 എച്ച് ടി പോസ്റ്റുകളും 6230 എല്‍ ടി പോസ്റ്റുകളും തകര്‍ന്നു. 185 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാര്‍ സത്വരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി ഫേസ്ബുക്കി കുറിപ്പിലൂടെ ചൂണ്ടികാട്ടി.

എയര്‍ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ക്യാബിന്‍ ക്രൂവിന്റെ താമസം മെച്ചപ്പെട്ട ഹോട്ടലുകളിലേക്ക് മാറ്റും. കരാര്‍ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.

മൂന്നാര്‍ ഭൂമി കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സര്‍ക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താന്‍ സര്‍ക്കാരും മാനേജ്മെന്റുകളം തമ്മില്‍ ധാരണയിലെത്തി. വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മന്റുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ച കോളേജുകള്‍ക്ക് നഴ്സിംഗ് കൗണ്‍സിലിന്റെ പരിശോധന ഇല്ലാതെ ഈ വര്‍ഷവും അംഗീകാരം നല്‍കാനും ധാരണയിലെത്തി.

Related Articles

Back to top button