ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/06/2024)

പ്രഭാത വാർത്തകൾ

2024 | ജൂൺ 5 | ബുധൻ | ഇടവം 22

പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം. 294 സീറ്റുകളാണ് എന്‍ഡിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ 231 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടി. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ടിഡിപിക്ക് 16 സീറ്റും ജെഡിയുവന് 12 സീറ്റും ലഭിച്ചു.

എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

രണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്   ഈ വിധിയെഴുത്ത്. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ഇന്ത്യാ മുന്നണിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചത് സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്ന സഖ്യകക്ഷികളുടെ മികവിലാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശില്‍ 37 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് പശ്്ചിമബംഗാളില്‍ 29 സീറ്റും ഡിഎംകെക്ക് തമിഴ്‌നാട്ടില്‍ 22 സീറ്റുകളും ലഭിച്ചു.

ഭാവി നീക്കങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരുമെന്നും സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും ഇന്ന് തീരുമാനിക്കുമെന്നും ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പൂര്‍ണമാകുമ്പോള്‍ കിംഗ് മേക്കര്‍മാരെന്ന വിശേഷണത്തിലേക്ക് എത്തുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ചുവടുവയ്ക്കുന്ന ചന്ദ്രബാബു നായിഡുവും. എന്‍ ഡി എയുടെ ഭാഗമായി മത്സരിച്ച നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് 16 ഉം നിതീഷിന്റെ ജനതാദളിന് 12 ഉം സീറ്റുകളാണ് ഉള്ളത്. എന്‍ ഡി എയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പേരും അവരുടെ പാര്‍ട്ടിയും അതീവ നിര്‍ണായകമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം. 292 സീറ്റുകളാണ് എന്‍.ഡി.എ.ക്കുള്ളത്. ഇതില്‍ 28 സീറ്റുകള്‍ ജെ.ഡി.യു., ടി.ഡി.പി. സഖ്യകക്ഷികളുടേതാണ്. അതേസമയം ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകള്‍. ജെ.ഡി.യു., ടി.ഡി.പി. സഖ്യത്തെ ഒപ്പം ചേര്‍ത്താല്‍ 262 സീറ്റിലേക്ക് ഉയരും. തുടര്‍ന്ന് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളാണ് വേണ്ടിവരിക. മറ്റു പാര്‍ട്ടിക്കാരില്‍നിന്ന് ചിലരെ ഒപ്പം കൂട്ടിയാല്‍ ഈ സംഖ്യയും മറികടക്കാന്‍ കോണ്‍ഗ്രസിനാവും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 18 സീറ്റുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫ് മുന്നേറ്റത്തിലും തൃശൂര്‍ കീഴടക്കി സുരേഷ് ഗോപി. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്.

തിരുവനന്തപുരത്ത് യുഡിഎഫിന്റെ ശശിതരൂര്‍ എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കിയത് ഏറെ വിയര്‍ത്താണ് .അവസാനം വരെ ലീഡ് പിടിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ 16,077 വോട്ടിന്റെ ലീഡാണ് ശശിതരൂരിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്,

കേരളം കണ്ട ഏറ്റവും വലിയ ഫോട്ടോഫിനിഷിനൊടുവില്‍ അസാനത്തെ റൗണ്ടിലാണ് ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് എല്‍ഡിഎഫിന്റെ  വി ജോയിയെ 684 വോട്ടുകള്‍ക്ക് പിന്നിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ മികച്ച പ്രകടനമാണ് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കെത്തിച്ചത്.

ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്തെ യുഡിഎഫിന്റെ എന്‍.കെ.പ്രേമചന്ദ്രന്‍ എല്‍ഡിഎഫിന്റെ എം.മുകേഷിനെ മലര്‍ത്തിയടിച്ചത്. എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടി മൂന്നാമതെത്തി.

പത്തനംതിട്ടയില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി എല്‍ഡിഎഫിന്റെ ടി.എം.തോമസ് ഐസകിനെ തോല്‍പിച്ചത് 66,119 വോട്ടുകള്‍ക്കാണ്. 2,34,406 വോട്ട് പിടിച്ച എന്‍ഡിഎയുടെ അനില്‍ ആന്റണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

മാവേലിക്കരയിലെ വാശിയേറിയ മത്സരത്തില്‍ ഒടുവില്‍ വിജയം യുഡിഎഫിന്റെ കൊടിക്കുന്നില്‍ സുരേഷിനൊപ്പം. 10,868 വോട്ടിനാണ് എല്‍ഡിഎഫിന്റെ സി.എ.അരുണ്‍കുമാറിനെ സുരേഷ് തോല്‍പിച്ചത്. എന്‍ഡിഎയുടെ ബൈജു കലാശാലക്ക് 1,42,984 വോട്ട് കിട്ടി.

ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലെ എ.എം.ആരിഫില്‍ നിന്ന് തിരിച്ചു പിടിച്ച് യുഡിഎഫ്. 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെ.സി.വേണുഗോപാല്‍ ഈ മണ്ഡലം സ്വന്തമാക്കിയത്. എന്‍ഡിഎ യുടെ ശോഭ സുരേന്ദ്രന്‍ 2,99,648 വോട്ടു നേടി കനത്തവെല്ലുവിളിയാണ് ഉയര്‍ത്തിയത്.

കോട്ടയം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തോമസ് ചാഴിക്കാടനെ വീഴ്ത്തി യുഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജ്. 87,266 വോട്ടിനാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം. 1,65,046 വോട്ടു നേടിയ എന്‍ഡിഎ യുടെ തുഷാര്‍ വെള്ളാപ്പള്ളി മൂന്നാമതെത്തി.

ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ ജോയ്‌സ് ജോര്‍ജിനെ 1,33,727 വോട്ടിനെ തോല്‍പിച്ച യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന് വമ്പന്‍ വിജയം. മൂന്നാമതെത്തിയ എന്‍ഡിഎ യുടെ സംഗീത വിശ്വനാഥന് 91,323 വോട്ടാണ് ലഭിച്ചത്.

Related Articles

Back to top button