ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (23/05/2024)

പ്രഭാത വാർത്തകൾ

2024 | മെയ് 23 | വ്യാഴം | ഇടവം 9

 താരപ്രചാരകരുടെ പ്രസംഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി ജെ പി –  കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താര പ്രചാരകര്‍ വാക്കുകളില്‍ ശ്രദ്ധാലുവാകണം, പ്രസംഗങ്ങളില്‍ മര്യാദ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കണം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി രേഖാമൂലം നിര്‍ദ്ദേശം നല്‍കണമെന്ന് ബി  ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയോടും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോടും തിരഞ്ഞെടുപ്പ്  കമ്മീഷന്‍ ആവശ്യപ്പെട്ടു .

 കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്ന് പൊലീസ്. മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ യദു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു. മേയര്‍ക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താല്‍ സി പി എം സഹായത്തേടെ മലയിന്‍കീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നുമാണ് യദു ഹര്‍ജിയില്‍ പറഞ്ഞത്.

 മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്‌കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലില്‍ നടപടി എടുക്കരുതെന്ന് സമസ്ത നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അധ്യാപകരായ ഒ സുലാഫ, നിഷാത്ത് സുല്‍ത്താന, സി റെയ്ഹാനത്ത് സ്‌കൂള്‍ മാനേജര്‍ എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെയാണ് മലപ്പുറം ഡി ഡി ഇയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇവരിലൊരാള്‍ ഇ.കെ സുന്നി നേതാവിന്റെ മകളായതിനാലാണ് നടപടി പാടില്ലെന്ന് ആവശ്യപ്പെട്ട് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ ചെയ്യാത്ത ജോലിക്ക് ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.

ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ലീഗ് വിരുദ്ധരായ സമസ്ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. അതേസമയം സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. 

 കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങി ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പുലിയുടെ ആന്തരികാവയവങ്ങള്‍ക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കും. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തില്‍ തട്ടി തെറിച്ചു പോയിരുന്നു. അതിനാല്‍ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തില്‍ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയില്‍ തൂങ്ങിക്കിടന്നതിനാല്‍ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതില്‍ അന്വേഷണത്തിന്  വിദഗ്ദസമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിച്ചു. ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ച് ഉത്തരവും ഇറക്കി. മെയ് 24 നകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഎഎസ് തലത്തില്‍ സംസ്ഥാനത്ത്  വീണ്ടും മാറ്റം.  ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പൂര്‍ണ്ണചുമതല ഏറ്റെടുത്തു. കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയി നിയമിതനായി.  കെഎസ്ഇബിയുടെ പുതിയ ചെയര്‍മാന്‍  ബിജു പ്രഭാകറാണ് . തൊഴില്‍ വകുപ്പ് സെക്രട്ടറി  കെ വാസുകി നോര്‍ക്ക സെക്രട്ടറിയുടെ ചുമതല കൂടി ഇനി നിര്‍വഹിക്കും.

 മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവിലെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു .ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാന്‍ പാടില്ല, രോഗികളോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും  മന്ത്രി നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിങ് നടത്തേണ്ട, എല്ലാവരും ചേര്‍ന്ന് ഒരു ടീം ആയാണ് പ്രവര്‍ത്തിക്കേണ്ടത്. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസുകള്‍ നടത്തി എന്നറിഞ്ഞാല്‍  കര്‍ശന നടപടിയെടുക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

Related Articles

Back to top button