വടകരയില്‍ തനി വടക്കന്‍ പയറ്റ്; ഷാഫിയോ ശൈലജയോ? മനോരമന്യൂസ്–വിഎംആര്‍ സര്‍വേ

കെ.മുരളീധരന്റെ വടകര നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിയുമോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ച് മറുപടി പറയാന്‍ വരട്ടെ. യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും പ്രവചനാതീതമായ പോരാട്ടമാണ് വടകരയിലെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. യുഡിഎഫിന്റെ വോട്ടില്‍ കാര്യമായ ഇടിവുണ്ടാകും. എല്‍ഡിഎഫിനും ചെറിയതോതില്‍ വോട്ട് കുറയും. എന്നാല്‍ എന്‍ഡിഎ വോട്ട് കൂട്ടുമെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്‍ഡിഎയുടെ വിഹിതത്തില്‍ 6.17 ശതമാനം വര്‍ധനയാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് വോട്ടില്‍ 1.03 ശതമാനം വര്‍ധനയുണ്ടാകും.   യുഡിഎഫിന്റെ നഷ്ടം 6.91 ശതമാനം. യുഡിഎഫ് 42.5 ശതമാനം വോട്ട് നേടുമെന്നാണ് പ്രീ–പോള്‍ സര്‍വേ ഫലം. എല്‍ഡിഎഫിന് 42.5 ശതമാനം വോട്ട് ലഭിക്കും. 13.68 ശതമാനം എന്‍ഡിഎ പക്ഷത്താണ്.

യുഡിഎഫിന് നഷ്ടപ്പെടുന്ന വോട്ട് ബിജെപിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതിന്റെ ലക്ഷണമാണ് വടകരയില്‍ കാണുന്നത്. ഇതാണ് വോട്ട് ഷെയറില്‍ യുഡിഎഫ്–എല്‍ഡിഎഫ് അന്തരം കുറയ്ക്കുന്നതും പോരാട്ടം കടുപ്പമേറിയതാക്കുന്നതും. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിനുപിന്നാലെ കെ.മുരളീധരനെ തൃശൂരിലേക്ക് മാറ്റിയ യുഡിഎഫ്, പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെയാണ് വടകര നിലനിര്‍ത്താന്‍ രംഗത്തിറക്കിയത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ സിപിഎം കളത്തിലിറങ്ങിയതോടെ എംഎല്‍എമാരുടെ നേര്‍ക്കുനേര്‍ പോരാട്ടമായി വടകരയില്‍. യുവനേതാവ് പ്രഫുല്‍ കൃഷ്ണയാണ് ബിജെപിയുടെ സാരഥി.

2009ല്‍ എല്‍ഡിഎഫിന് കൈമോശം വന്നതാണ് വടകര. മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച യുഡിഎഫ് 2019ല്‍ കെ.മുരളീധരനെ രംഗത്തിറക്കി നേടിയത് ഹാട്രിക് ജയം. മൂന്നുവട്ടം കോഴിക്കോട് എംപിയായിരുന്ന കെ.മുരളീധരന്‍ 15 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് 2019ല്‍ വീണ്ടും ജില്ലയില്‍ മല്‍സരത്തിനെത്തിയത്. മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജനായിരുന്നു വടകരയില്‍ എതിരാളി. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുരളി വിജയിച്ചു. ബിജെപിക്ക് ലഭിച്ചത് 80,128 വോട്ട്. മുരളിയുടെ ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്ന ബിജെപി വോട്ട് ഇക്കുറി വര്‍ധിക്കുമ്പോള്‍ അത് വിധിനിര്‍ണയത്തിലും പ്രതിഫലിക്കും.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

Related Articles

Back to top button