വീണാ വിജയന് കുരുക്ക്; എക്സാ ലോജിക്കിനെതിരെ എസ്എഫ്‌ഐഒ അന്വേഷണം

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറി കോർപ്പറേറ്റ് കാര്യമന്ത്രാലയം. സാമ്പത്തിക ക്രമക്കേടിൽ കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന് നടത്താൻ കഴിയുന്ന ഏറ്റവും ഉന്നതമായ അന്വേഷണമാണ് എസ്എഫ്ഐഒയുടേത്. പൊതുമേഖല സ്ഥാപനമായ KSIDCയും അന്വേഷണ പരിധിയിൽ വരും. ആറംഗ സംഘം എട്ട് മാസംകൊണ്ട് അന്വേഷണം പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.

മാസപ്പടി വിവാദത്തിൽ കുരുക്ക് കൂടുതൽ മുറുകകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്ക്കും അവരുടെ കമ്പനി എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎൽ 2017-20 കാലയളവിൽ 1.72 കോടി രൂപ നൽകിയതിലെ ദുരൂഹത സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കും. എക്സാലോജിക്കിന് സിഎംആർഎൽ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി വഴി 77.60 ലക്ഷം രൂപ കടം നൽകിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജിയും നൽകിയിരുന്നു. എസ്എഫ്ഐഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എക്‌സാലോജിക്-സിഎംആർഎൽ ഇടപാട് എസ്എഫ്ഐഒ ആറംഗ സംഘം അന്വേഷിക്കും. കമ്പനി നിയമം 212(1) പ്രകാരമാണ് അന്വേഷണം. എട്ട് മാസത്തിനകം കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും.

ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇടപാട് അന്വേഷിക്കാൻ നേരത്തെ നിയോഗിച്ച സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിപുലമായ അധികാരങ്ങളുള്ള ഏജൻസിയാണ് എസ്എഫ്ഐഒ. സിഎംആർഎൽ കമ്പനിയിൽ 13.4 ശതമാനം ഓഹരി ഉടമസ്ഥതയുള്ള കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലാണ്. എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ട് നൽകിയിരുന്നു. കരാറിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ട രേഖകളും എക്സാലോജിക് സമർപ്പിച്ചിരുന്നില്ല. ജിഎസ്ടി അടച്ചുവെന്ന് മാത്രമാണ് മറുപടി നൽകിയത്. ഇടപാട് വിവരം സിഎംആർഎൽ മറച്ചുവച്ചു. റിലേറ്റഡ് പാർട്ടിയായ എക്സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആർഒസി റിപ്പോർട്ടിലുണ്ട്.

Related Articles

Back to top button