വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും.

വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 

2023 സെപ്റ്റംബർ 21 നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്ബ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസില്‍ 73 സാക്ഷികളാണുള്ളത്. പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കി. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞത്. 

സംഭവത്തിന്റെ രണ്ടുദിവസം മുമ്ബ് പ്രതി കൂത്തുപറമ്ബിലെ കടയില്‍നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീണ്‍, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

Related Articles

Back to top button